കാത്തിരിപ്പിന് വിരാമം. മുഖം മിനുക്കിയ ഫോർച്യുണറിനെ അവതരിപ്പിച്ച് ടൊയോട്ട

05th Fri June 2020
779
Saifuddin Ahamed

പുതുക്കിയ ഡിസൈനും കൂടുതൽ കരുത്തനുമായിട്ടാണ് പുതിയ ഫോർച്യുണറിന്റെ അരങ്ങേറ്റം.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുഖം മിനുക്കിയ ഫോർച്യുണറിനെ കമ്പനി വെളിപ്പെടുത്തി. മുൻപിൻ വശങ്ങളിലെ ഡിസൈനിലും എൻജിനിലും ഒരുപിടി മാറ്റങ്ങളുമായാണ് ഫോർച്യുണറിന്റെ വരവ്. തായ്‌ലാൻഡ് സ്പെക് മോഡലിനെയാണ് കമ്പനി വെളുപ്പെടുത്തിയിരിക്കുന്നത്.


മുൻ പ്രൊഫൈലിൽ പുതിയ എൽഇഡി ഹെഡ്ലൈറ്റുകളും പുതുക്കിയ ബമ്പറും വലിയ ഗ്രില്ലും ലഭിക്കുന്നു. 18 ഇഞ്ച് പുതിയ ഡയമണ്ട് കട്ട് അലോയ്കളും പിന്നിൽ പുതിയ ബമ്പറുള്ള പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും ലഭിച്ചിട്ടുണ്ട്.


ടോപ്-സ്പെക് ലെജൻഡർ വേരിയന്റിന് കൂടുതൽ സ്പോർട്ടി സ്റ്റൈലിംഗ് നൽകുന്നുണ്ട്. ചെറിയ ഡിസൈൻ അപ്ഡേറ്റും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയ ഇന്റീരിയർ ഏറെക്കുറെ നിലവിലെ മോഡലിന് സമാനമാണ്. എന്നിരുന്നാലും ഇപ്പോഴും സൺറൂഫ് ലഭിച്ചിട്ടില്ല. ഡാഷ്‌ബോർഡ് സമാനമായി കാണപ്പെടുന്നു. സ്റ്റിയറിംഗ് വീൽ ഡിസൈനും നിലവിലെ മോഡലിന് സമാനമാണ്.

8 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലെജൻഡർ വേരിയന്റിൽ 9 ഇഞ്ച് വലുപ്പമുള്ള യൂണിറ്റ് ലഭിക്കുന്നു. കൂടാതെ വയർലെസ് ചാർജർ, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട 8-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവറും കോ-ഡ്രൈവർ സീറ്റും വാഗ്ദാനം ചെയ്യുന്നു. അധിക പ്രീമിയം ടച്ചിനായി എൽഇഡി ആംബിയന്റ് ലൈറ്റിംഗും ഉണ്ട്.


കൂട്ടിയിടി തടയാൻ കൊള്ളീഷൻ പ്രിവൻഷൻ സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ സിസ്റ്റം, റഡാർ-ഗൈഡഡ് ഡൈനാമിക് ക്രൂയിസ് കണ്ട്രോൾ എന്നിവ പുതിയ സുരക്ഷാ സവിശേഷതകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി അവതരിപ്പിച്ച വേരിയബിൾ ഫ്ലോ കൺട്രോൾ വേഗതയെ ആശ്രയിച്ച് സ്റ്റിയറിംഗിന്റെ ഭാരം മാറ്റുന്നു.

മറ്റു എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുമ്പോൾ, 2.8 ലിറ്റർ ഡീസൽ ഇപ്പോൾ 204 പി‌എസും 500 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കുന്നു. അതായത് നിലവിലെ മോഡലിനെ അപേക്ഷിച്ച് 27 പി‌എസും 50 എൻ‌എം വർധിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ 17 ശതമാനം കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ആഗോളതലത്തിൽ 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ എഞ്ചിൻ ലഭ്യമാകും. 

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുതുക്കിയ ഫോർച്യുണറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കും. തായ്‌ലാൻഡ് മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളെയോടെയാവും പുതുക്കിയ ഫോർച്യുണറിന്റെ ഇന്ത്യൻ അരങ്ങേറ്റം.

2021 ടൊയോട്ട ഫോർച്യുണർ

* ഡിസൈനിലും എൻജിനിലും ഒരുപിടി മാറ്റങ്ങളുമായാണ് ഫോർച്യുണറിന്റെ വരവ്.
* 2.8 ലിറ്റർ ഡീസൽ ഇപ്പോൾ 204 പി‌എസും 500 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കുന്നു.
* ആഗോളതലത്തിൽ 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാകും. 


RELATED STORIES