നെക്സോൺ ടർബോ-പെട്രോൾ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഓപ്ഷനുകളിലാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസിന്റെ ഡിസിടി ഓട്ടോമാറ്റിക്ക് പതിപ്പിനെ വിപണിയിലെത്തിച്ചത്. നിലവിൽ 1.2-ലിറ്റർ നാച്യുറലി അസ്പിറേറ്റഡ് എൻജിനിൽ മാത്രമാണ് ഡിസിടി നൽകിയിരിക്കുന്നത്. എന്നാൽ ടാറ്റ അൾട്രോസിന്റെയും നെക്‌സോണിന്റെയും ടർബോ-പെട്രോൾ എൻജികൾക്കൊപ്പം തങ്ങളുടെ ഡിസിടി നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
ടാറ്റയുടെ ഡിസിഎ എന്ന് പേരിട്ടിരിക്കുന്ന ഡിസിടി യൂണിറ്റിന് കൂടുതൽ ടോർക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്നും ടാറ്റയുടെ ടർബോ-പെട്രോൾ എഞ്ചിനുമായി എളുപ്പത്തിൽ ജോടിയാക്കാൻ കഴിയുമെന്നും ടാറ്റ മോട്ടോഴ്‌സിന്റെ വൈസ് പ്രസിഡന്റ് മോഹൻ സവർക്കർ വെളിപ്പെടുത്തി. അതിനാൽ, ടാറ്റയുടെ ലൈനപ്പിൽ അൾട്രോസ്, നെക്സോൺ മോഡലുകളുടെ ടർബോ-പെട്രോൾ ഡിസിടി മോഡലുകൾ വരും മാസങ്ങളിൽ വിപണിയിലെത്താമെന്നും വ്യക്തമാണ്.
അൾട്രോസ് ടർബോ-പെട്രോൾ മോഡലിലെ 1.2-ലിറ്റർ ടർബോചാർജഡ് പെട്രോൾ എഞ്ചിൻ പരമാവധി 110 പിഎസ് കരുത്തും 140 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുമ്പോൾ, അതേ മോട്ടോർ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിൽ പരമാവധി 120 പിഎസ് കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌തിരിക്കുന്നു. നെക്‌സോണിന് അതിന്റെ നിരയിലേക്ക് ഡിസിടി അവതരിപ്പിക്കുന്നതിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാനാകും.
അൾട്രോസ് ടർബോ-പെട്രോൾ ഇതുവരെ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്, അതേസമയം നെക്സോൺ ടർബോ-പെട്രോൾ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. നിലവിലെ എഎംടിക്ക് പകരക്കാരനായിട്ടായിരിക്കും ഡിസിടി മോഡലിന്റെ വരവ്. കൂടാതെ കുഞ്ഞൻ എസ്യുവിയാവാ പഞ്ച് ടർബോ-പെട്രോൾ അവതരിപ്പിക്കുമ്പോൾ, ഡിസിടി ഓപ്ഷനോടൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. കാറിന് കരുത്തേകുന്ന 1.2 ലിറ്റർ നാച്യുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ, എഎംടി ചോയിസുകളിലാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.