വ്യക്തിഗത, വാണിജ്യ വിഭാഗങ്ങളിലായി ഒമ്പത് സിഎൻജി മോഡലുകളാണ് മാരുതിക്കുള്ളത്
ഇന്ത്യയിൽ തങ്ങളുടെ സിഎൻജി മോഡലുകളുടെ വിൽപന 10 ലക്ഷം പിന്നിട്ടതായി മാരുതി സുസുക്കി. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലേരിയോ, ഡിസയർ, എർട്ടിഗ, ഈക്കോ, സൂപ്പർ കാരി, ടൂർ-എസ് എന്നിങ്ങനെ വ്യക്തിഗത, വാണിജ്യ വിഭാഗങ്ങളിലായി ഒമ്പത് സിഎൻജി വാഹനങ്ങളാണ് കമ്പനിക്കുള്ളത്.
ജനപ്രിയ മോഡലായ ഡിസയർ കോംപാക്ട് സെഡാനാണ് മാരുതിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിഎൻജി മോഡൽ. എതിരാളികളായ ഹ്യുണ്ടായിയും ടാറ്റയും തിരഞ്ഞെടുത്ത മോഡലുകളുടെ ടോപ് എൻഡ് വേരിയന്റുകളിൽ സിഎൻജി പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. അടുത്തിടെ ടാറ്റ തങ്ങളുടെ ജനപ്രിയ മോഡലുകളായ തിയാഗോയുടെയും തിഗോറിന്റെയും സിഎൻജി പതിപ്പുകൾ പുറത്തിറക്കിയിരുന്നു.
നെക്‌സ ശ്രേണിയിലേ ബലെനോ, സിയാസ് തുടങ്ങിയ മോഡലുകൾക്ക് മിതമായ നിരക്കിൽ ഇന്ധനം ലഭിക്കുന്ന സിഎൻജി ഓപ്ഷൻ നൽകുന്ന കാര്യം മാരുതി പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സിഎൻജി ഓപ്ഷൻ നൽകുന്നത് നെക്സയുടെ കീഴിൽ വിൽക്കുന്ന കാറുകളുടെ അഭിലാഷത്തെ ബാധിക്കില്ലെന്ന കമ്പനി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.
അതേസമയം, കമ്പനി 2022-ലേക്കുള്ള ഉൽപ്പന്നങ്ങളുമായി ശ്രേണി വിപുലീകരിക്കുകയാണ്. പുതിയ ബലേനോ, അപ്‌ഡേറ്റ് ചെയ്‌ത വാഗൺ ആർ എന്നിവയ്ക്ക് ശേഷം ഡിസയർ സിഎൻജി ദീപാവലി സമയത്ത് മാരുതി പുറത്തിറക്കിയേക്കും. ക്രെറ്റയ്‌കൊത്ത എതിരാളിയായ മിഡ്‌സൈസ് എസ്യൂവിയാണ് മാരുതിയുടെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മോഡൽ. ടൊയോട്ടയുമായി സഹകരിച്ചാണ് പുതിയ എസ്യൂവിയെ മാരുതി വികസിപ്പിക്കുന്നത്. സ്വിഫ്റ്റ് സിഎൻജി, പുതിയ ആൾട്ടോ, ജിംനി ഓഫ്‌റോഡ് എസ്യൂവി എന്നിവയാണ് മാരുതിയിൽ നിന്ന് വരാനിരിക്കുന്ന മറ്റു പ്രധാനപ്പെട്ട മോഡലുകൾ.