കാത്തിരിപ്പിന് വിരാമമിട്ട് ട്രയംഫ് ടൈഗർ 900 വിപണിയിൽ, വില 13.70 ലക്ഷം മുതൽ.

20th Sat June 2020
280
Saifuddin Ahamed

പുതിയ ട്രയംഫ് ടൈഗർ 900 ജിടി, റാലി, റാലി പ്രോ എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ  ട്രയംഫ് തങ്ങളുടെ ടൈഗർ 900 മോഡലിനെ പുറത്തിറക്കി, 13.70 ലക്ഷം രൂപ മുതലാണ് വില (എക്സ്ഷോറൂം). പുതിയ ട്രയംഫ് ടൈഗർ 900 ജിടി, റാലി, റാലി പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

ജിടി പതിപ്പ് കൊണ്ട് പ്രധാനമായും ടൂറിങ്ങാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ, റാലി വേരിയന്റുകൾ ഓഫ്-റോഡ് ഓറിയന്റഡാണ്. ടൈഗർ 900 ജിടി പ്യുവർ വൈറ്റ്, സഫയർ ബ്ലാക്ക്, കോറോസി റെഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. റാലി, റാലി പ്രോ എന്നിവ പ്യുവർ വൈറ്റ്, സഫയർ ബ്ലാക്ക്, മാറ്റ് ഖാക്കി നിറങ്ങളിൽ ലഭ്യമാണ്.

മൂന്ന് മോഡലുകളിലും 7 ഇഞ്ച് ടിഎഫ്ടി ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം റാലി പ്രോയിൽ മാത്രമാണ് നൽകിയിട്ടുള്ളത്. ഫോൺ കോൾ, മ്യൂസിക്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ നിയന്ത്രണം എന്നിവ സാധ്യമാക്കുന്ന സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സിസ്റ്റമാണ് മൈ ട്രയംഫ്, സ്വിച്ച് ക്യൂബുകൾ വഴിയാണ് ഇത് ആക്സസ് ചെയ്യുന്നത്. ജിടി, റാലി മോഡലുകളിൽ ഒരു ആക്സസറി ഓപ്ഷനായി മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം ലഭ്യമാണ്.

ടൈഗർ 900 ജിടി, റാലി വേരിയന്റുകൾക്ക് റൈൻ, റോഡ്, സ്‌പോർട്ട്, ഓഫ്-റോഡ് മോഡുകൾ ലഭിക്കും. റാലി പ്രോ മോഡലിൽ റൈൻ, റോഡ്, സ്പോർട്ട്, ഓഫ്-റോഡ്, റൈഡർ ക്രമീകരിക്കാവുന്ന ഓഫ്-റോഡ് പ്രോ മോഡുകളും ലഭ്യമാണ്.

ലിക്വിഡ്-കൂൾഡ്, 12 വാൽവ്, ഡി‌ഒഎച്ച്‌സി, ഇൻ-ലൈൻ 3-സിലിണ്ടർ, 888 സിസി ബി‌എസ് 6 എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. ഈ എൻജിൻ 8750 ആർ‌പി‌എമ്മിൽ‌ 95 പി‌എസും 7250 ആർ‌പി‌എമ്മിൽ‌ 87 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പ്, അസിസ്റ്റ് ക്ലച്ചോടുകൂടിയ 6-സ്പീഡ് യൂണിറ്റാണ് ഗിയർബോക്സ്. 

ഫോൺ സൂക്ഷിക്കാൻ 5 വോൾട് യുഎസ്ബി പവർ സോക്കറ്റോടുകൂടിയ അണ്ടർസീറ്റ് കമ്പാർട്ട്മെന്റ്, 5-വേ ജോയിസ്റ്റിക്ക്, ഹീറ്റഡ് ഗ്രിപ്പ്, ഇലക്ട്രോണിക് ക്രൂയിസ് കൺട്രോൾ എന്നിവയും റാലി പ്രോയിൽ ലഭ്യമാണ്.

പുതിയ മോഡലിനായി 65 ലധികം ആക്‌സസറികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അധിക ടൂറിംഗ് ആക്‌സസറികൾക്കുള്ള ട്രെക്കർ കിറ്റും ഓഫ്-റോഡ് ഫോക്കസ്ഡ് ആക്‌സസറികളുള്ള എക്‌സ്‌പെഡിഷൻ കിറ്റും ഇതിൽ ഉൾപ്പെടും.

ട്രയംഫ് ടൈഗർ 900 വിലകൾ
* ട്രയംഫ് ടൈഗർ 900 ജിടി - 13.70 ലക്ഷം.
* ട്രയംഫ് ടൈഗർ 900 റാലി - 14.35 ലക്ഷം.
* ട്രയംഫ് ടൈഗർ 900 റാലി പ്രോ - 15.50 ലക്ഷം.
(എല്ലാ വിലകളും എക്സ്-ഷോറൂം അടിസ്ഥാനത്തിൽ).


RELATED STORIES