സുസുകി ആക്സസ് 125, ബർഗ്മാൻ 125 സ്കൂട്ടറുകളുടെ വിലവർധിപ്പിച്ചു.
ഈ വർഷം ജനുവരിയിലാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ആക്സസ് 125 സ്കൂട്ടറിന്റെ ബിഎസ്6 കംപ്ലയിന്റ് മോഡലിനെ വിപണിയിലെത്തിച്ചത്, ഒരു മാസത്തിനുശേഷം ബിഎസ്6 ബർഗ്മാൻ സ്ട്രീറ്റ് ബിഎസ്6 മോഡലിനെയും കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോൾ ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് രണ്ട് സ്കൂട്ടറുകളുടെയും വില യഥാക്രമം 1,700/- , 1,800/- രൂപ വരെ ഉയർത്തിയിരിക്കുകയാണ്.
64,800 രൂപ പ്രാരംഭ വിലയിലാണ് ബിഎസ്6 ആക്സസ് 125 പുറത്തിറക്കിയിരുന്നത്, ആദ്യം തന്നെ ബിഎസ് 4 മോഡലിനേക്കാൾ 6,500/- രൂപയോളമാണ് വില വർധിച്ചിരുന്നത്. എന്നാൽ മെയ് മാസത്തിൽ 2,300/- രൂപ വീണ്ടും വർധിപ്പിച്ചിരുന്നു. നിലവിൽ ബിഎസ്4 മോഡലിനെ അപേക്ഷിച്ച് 10,000/- രൂപയോളമാണ് ആക്സസ് 125 ബിഎസ്6 മോഡലിന് വിലവർദ്ധനവുണ്ടായിരിക്കുന്നത്.
ബർഗ്മാൻ സ്ട്രീറ്റിന്റെ വില ഇപ്പോൾ ഏകദേശം 8,800/- രൂപയോളമാണ് വർധിച്ചിരിക്കുന്നത്. ബിഎസ്6 ബർഗ്മാൻ സ്ട്രീറ്റിന് നിലവിൽ 79,700/- രൂപയും ബിഎസ് 6 ആക്സസ് 125 ന് 68,800/- രൂപയുമാണ് എക്സ്-ഷോറൂം വില. മലിനീകരണം കുറഞ്ഞ എഞ്ചിന് പുറമേ പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്പ് തുടങ്ങിയ പുതിയ ഫീച്ചറുകളുമായിട്ടാണ് സുസുക്കി ആക്സസ് 125 ബിഎസ്6 മോഡലിന്റെ വരവ്.
ബർഗ്മാൻ സ്ട്രീറ്റിന്റെ ഇരട്ട ട്രിപ്പ് മീറ്ററുകളും ഒരു ക്ലോക്കും ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചെറിയ ഫ്രണ്ട് ഗ്ലോവ് ബോക്സുകൾ, നല്ല അളവിൽ അണ്ടർ സീറ്റ് സ്റ്റോറേജ്,മൊബൈൽഫോൺ ചാർജിങ് സോക്കറ്റ് തുടങ്ങിയ ഫീച്ചറുകൾ ബിഎസ്4 മോഡലിലേതിന് സമാനമായി നിലനിർത്തിയിട്ടുണ്ട്.
ഒരു 124 സിസി, സിംഗിൾ സിലിണ്ടർ, ഫ്യൂൽ ഇൻജെക്ടഡ്, എഞ്ചിനാണ് ഇരു മോഡലുകളിലും പ്രവർത്തിക്കുന്നത്. ഈ എൻജിൻ 6,750 ആർപിഎമ്മിൽ 8.7 പിഎസ് കരുത്തും 5,500 ആർപിഎമ്മിൽ 10 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട ആക്റ്റിവ 125, യമഹ ഫാസിനോ 125 എന്നിവയ്‌ക്കെതിരെയാണ് സുസുക്കി ആക്സസ് 125 ന്റെ മത്സരം, മാക്സി-സ്കൂട്ടർ രൂപമായത് കൊണ്ട് ബർഗ്മാൻ സ്ട്രീറ്റിന് നിലവിൽ ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല.
ആക്സസ് 125 ബിഎസ്6
* ഡ്രം ബ്രേക്ക് വേരിയന്റ് - 68,800/- രൂപ
* ഡ്രം ബ്രേക്ക് വേരിയൻറ് (അലോയ് വീൽ) - 70,800/- രൂപ
* ഡിസ്ക് ബ്രേക്ക് വേരിയൻറ് - 71,700/- രൂപ
* പ്രത്യേക പതിപ്പ് ഡ്രം ബ്രേക്ക് വേരിയൻറ് (അലോയ് വീൽ) - 72,500/- രൂപ
* പ്രത്യേക പതിപ്പ് ഡിസ്ക് ബ്രേക്ക് വേരിയൻറ് - 73,400/- രൂപ
ബർഗ്മാൻ സ്ട്രീറ്റ് 125 ബിഎസ്6 - 79,700/- രൂപ
(എല്ലാ വിലകളും എക്സ്-ഷോറൂം അടിസ്ഥാനത്തിൽ).