വിദ എന്നാണ് പുതിയ ബ്രാൻഡിന് പേര് നൽകിയിരിക്കുന്നത്
ഇന്ത്യൻ ഇരുചക്ര വാഹന ഭീമന്മാരായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ഔദ്യോഗിക ഇലക്ട്രിക് വാഹന സബ് ബ്രാൻഡ് പ്രഖ്യാപിച്ചു. 'വിദ' എഎന്നാണ് പുതിയ ബ്രാൻഡിന് പേര് നൽകിയിരിക്കുന്നത്. സ്പാനിഷിൽ 'വിദ' എന്നാൽ 'ജീവൻ' എന്നാണ് അർത്ഥമാക്കുന്നത്, സൂര്യോദയമാണ് ലോഗോയിലെ ബ്രാൻഡ് ഐഡന്റിറ്റിയായി നൽകിയിരിക്കുന്നത്.
"ഈ ബ്രാൻഡിന്റെ ഏക ഉദ്ദേശം ലോകത്തിൽ നല്ല സ്വാധീനം ചെലുത്തുകയും അർത്ഥവത്തായ വഴികളിൽ നമ്മെയെല്ലാം മുന്നോട്ട് നയിക്കുകയും ചെയ്യുക എന്നതാണ്. നമ്മളുടെ കുട്ടികൾക്കും അടുത്ത തലമുറയ്ക്കും വേണ്ടി ഞങ്ങൾ നിർമ്മിക്കുന്ന കാര്യങ്ങൾക്ക് ഈ പേര് അനുയോജ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" പുതിയ ബ്രാൻഡ് നാമം പ്രഖ്യാപിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാനും സിഇഒയുമായ ഡോ. പവൻ മുഞ്ജാൽ പറഞ്ഞു.
വിദ ബ്രാൻഡിങ്ങിൽ ഇറങ്ങുന്ന ആദ്യ മോഡൽ 2022 ജൂലൈ 1-ന് വെളിപ്പെടുത്തും. ചിറ്റൂരിലുള്ള കമ്പനിയുടെ 'ഗ്രീൻ' പ്രൊഡക്ഷൻ ഫെസിലിറ്റിയിലാണ് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും.
ഹീറോ മോട്ടോകോർപ്പിന്റെ പത്താം വാർഷിക ആഘോഷ തത്സമയ സ്ട്രീമിന്റെ ഔദ്യോഗിക വീഡിയോയിൽ പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. സ്കൂട്ടറിന്റെ കൂടുതൽ വിശദാംശങ്ങളും ഫീച്ചറുകളും ജൂലൈയിൽ പ്രഖ്യാപിക്കും.
ഇതിനുപുറമെ, ഹീറോ മോട്ടോകോർപ്പ് 100 മില്യൺ യുഎസ് ഡോളറിന്റെ ആഗോള സുസ്ഥിരത ഫണ്ടും പ്രഖ്യാപിച്ചു. കമ്പനി പറയുന്നതനുസരിച്ച്, 10,000-ലധികം സംരംഭകരെ ESG സൊല്യൂഷനുകളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ BML മുഞ്ജാൽ സർവകലാശാലയും ഹീറോ മോട്ടോകോർപ്പും നയിക്കുന്ന ആഗോള പങ്കാളിത്തം സ്ഥാപിക്കാൻ ഈ ഫണ്ട് ലക്ഷ്യമിടുന്നു.