1970 കളിലെ എയർ കൂൾഡ് ട്വിൻ സിലിണ്ടർ എഞ്ചിൻ മോഡലിന് ആദരവെന്നോണമാണ് സ്‌ക്രാമ്പ്‌ളർ ട്രിബ്യൂട്ട് 1100 പ്രോമോഡലിനെ ഡ്യുക്കാട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളർ ട്രിബ്യൂട്ട് 1100 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 12.89 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം). മോഡേൺ റെട്രോ-ക്ലാസിക് ശൈലിയിലാണ് പുതിയ സ്‌ക്രാമ്പ്‌ളർ ട്രിബ്യൂട്ട് 1100 പ്രോയുടെ ഡിസൈൻ.
1970 കളിലെ എയർ കൂൾഡ് ട്വിൻ സിലിണ്ടർ എഞ്ചിൻ മോഡലിന് ആദരവെന്നോണമാണ് പുതിയ മോഡലിനെ ഡ്യുക്കാട്ടി അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത ഫ്രെയിമും സബ് ഫ്രെയിമും ബ്രൗൺ സീറ്റും ഉള്ള Giallo Ocra ലിവറി ആണ് സ്‌ക്രാമ്പ്‌ളർ ട്രിബ്യൂട്ട് 1100 പ്രോയുടെ സവിശേഷത. 1972-ലെ ഇരട്ട സിലിണ്ടർ 450 ഡെസ്‌മോ മോണോയിലും 750 സ്‌പോർട്ടിലും ഈ ലിവറി ഡ്യുക്കാട്ടി അവതരിപ്പിച്ചിരുന്നു.
ജിയുജിയാരോ രൂപകൽപ്പന ചെയ്ത 1970-കളിലെ ഡ്യുക്കാറ്റി ലോഗോ, കറുത്ത സ്‌പോക്ക് വീലുകൾ, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ, സ്റ്റിച്ചിംഗോടുകൂടിയ ബ്രൗൺ സീറ്റ് എന്നിവയാണ് ബൈക്കിന്റെ മറ്റ് രസകരമായ ഫീച്ചറുകൾ, കൂടാതെ കറുത്ത സ്‌പോക്ക് വീലുകൾ ഇതിന് ആധുനിക-ക്ലാസിക് ലുക്ക് നൽകുന്നു.
7500 ആർപിഎമ്മിൽ 86 എച്ച്പിയും 4750 ആർപിഎമ്മിൽ 90 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷനും എയർ കൂളിംഗുമുള്ള 1079 സിസി എൽ-ട്വിൻ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ആക്റ്റീവ്, ജേർണി, സിറ്റി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ഈ എഞ്ചിൻ വരുന്നത്. കോർണറിംഗ് എബിഎസും ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോളും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
പരസ്പരം മാറ്റാവുന്ന അലുമിനിയം പാനലുകളുള്ള ടിയർഡ്രോപ്പ് സ്റ്റീൽ ടാങ്ക്, 810 എംഎം സീറ്റ് ഉയരം, ട്വിൻ സൈഡ് എക്‌സ്‌ഹോസ്റ്റ്, ലോവർ ലൈസൻസ് പ്ലേറ്റ് ഹോൾഡർ, വിശാലമായ ഹാൻഡിൽബാർ, ഗ്ലാസ് ലെൻസുള്ള ഫ്രണ്ട് ലൈറ്റ്, “X” ഉള്ള DRL, എൽഇഡി ഡിഫ്യൂഷൻ സാങ്കേതികവിദ്യയുള്ള റിയർ ലൈറ്റ്, ഡ്യുവൽ എലമെന്റ് എൽസിഡി ഇൻസ്ട്രുമെന്റേഷൻ, എയർ കൂൾഡ് 1079 സിസി എൽ-ട്വിൻ എഞ്ചിൻ, മെഷീൻ അലൂമിനിയത്തിലുള്ള ബെൽറ്റ് കവർ, ട്വിൻ-സ്പാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും അലുമിനിയം സബ് ഫ്രെയിമും, കാസ്റ്റ് അലുമിനിയം സ്വിങ്ങാം, കറുത്ത നിറത്തിലുള്ള അലുമിനിയം കവറുകൾ, ൻവശത്ത് 18” സ്‌പോക്ക് വീലും പിന്നിൽ 17” വീലും, ഡ്യുക്കാട്ടി സ്‌ക്രാംബ്ലറിന് ഒപ്റ്റിമൈസ് ചെയ്‌ത പെരേലി ടയറുകൾ, സീറ്റിനടിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള യുഎസ്ബി സോക്കറ്റ് എന്നിവയാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളർ ട്രിബ്യൂട്ട് 1100 പ്രോയുടെ മറ്റു സവിശേഷതകൾ.