10,400 കോടി രൂപയാണ് സുസുക്കി മോട്ടോർസിന്റെ ഗുജറാത്ത് പ്ലാന്റിൽ കമ്പനി നിക്ഷേപിക്കുന്നത്
ഇലക്ട്രിക്ക് കാർ വിപണി കീഴടക്കാൻ പുതിയ പദ്ധതിയുമായി മാരുതി സുസുക്കി, തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ സുസുക്കി മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്, 2025ഓടെ ഉൽപ്പാദനം ആരംഭിക്കാനാണ് പദ്ധതി.
2022 മാർച്ച് 19-ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ ഗുജറാത്ത് സംസ്ഥാനവുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ ഒപ്പുവച്ച ധാരണാപത്രത്തിൽ വാഹന നിർമാതാക്കൾ ഏകദേശം 10,400 കോടി രൂപ നിക്ഷേപിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈവികളും ഇലക്ട്രിക് കാർ ബാറ്ററികളും നിർമ്മിക്കാനാണ് ഈ തുക വിനിയോഗിക്കുക.
കൃത്യമായി പറഞ്ഞാൽ, ഉൽപ്പാദനം വർധിപ്പിക്കാൻ 3100 കോടി രൂപ നിക്ഷേപിക്കും,ഇത് മാരുതിയുടെ ഈവി പ്ലാന്റായി പ്രവർത്തിക്കും, 2025 ഓടെയാവും ഉത്പാദനം ആരംഭിക്കുക. ഏകദേശം 7300 കോടി രൂപ ഗുജറാത്ത് ഫാക്ടറിക്ക് സമീപമുള്ള സ്ഥലത്ത് ബാറ്ററി പ്ലാന്റ് നിർമ്മിക്കാൻ ജാപ്പനീസ് കമ്പനി നീക്കിവച്ചു. 2026 ഓടെ ഈ ബാറ്ററി ഉൽപ്പാദന കേന്ദ്രം പ്രവർത്തനക്ഷമമാകും.
മാരുതി അതിന്റെ ഇവി നിർമ്മാണ പദ്ധതികൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹന റീസൈക്ലിംഗ് പ്ലാന്റും 2025 ഓടെ സ്ഥാപിക്കും, ഇതിനായി 45 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റും പ്രതിനിധി ഡയറക്ടറുമായ തോഷിഹിറോ സുസുക്കി, മാരുതി സുസുക്കി ഇന്ത്യയുടെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ എന്നിവരും ഇന്ത്യയിലെയും ജപ്പാനിലെയും സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
ഇവി പ്ലാന്റ് പ്രവർത്തനക്ഷമമാകുന്ന അതേ വർഷം തന്നെ ഒരു പ്യുവർ-ഇലക്‌ട്രിക് കോംപാക്റ്റ് ക്രോസ്ഓവറിൽ മാരുതി പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 4.2 മീറ്റർ നീളവും 2.7 മീറ്റർ വീൽബേസും പ്രതീക്ഷിക്കുന്ന YY8 എന്ന കോഡ് നാമത്തിലുള്ള ഈവി മോഡലിൽ 500 കിലോമീറ്ററോളം റേഞ്ച് നൽകുമെന്നാണ് പ്രധീക്ഷിക്കുന്നത്.