ഇന്ത്യൻ വിപണിയിൽ തിരിച്ച് വരവിനൊരുങ്ങി മിത്സുബിഷി.

16th Tue June 2020
276
Saifuddin Ahamed

ജംഷദ്‌പൂർ ആസ്ഥാനമായി പുതിയ നിർമാണശാല തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓഫ്‌റോഡ് വാഹനങ്ങൾക്ക് ഇന്ത്യയിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ച കമ്പനിയാണ് മിത്സുബിഷി, അത് കൊണ്ട് തന്നെ വലിയ തോതിലുള്ളൊരു ആരാധകവൃന്ദവും മിത്സുബിഷിക്കുണ്ട്. എന്നിരുന്നാലും ഈ അടുത്ത കാലത്തായി മിത്സുബിഷിയുടെ സാന്നിധ്യം ഇന്ത്യൻ വിപണിയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പരിമിതമായ വിപണന ശൃംഖലയും വിരലിൽ എണ്ണാവുന്ന മോഡലുകൾ മാത്രമാണുള്ളതുമെന്നതാണ് ഇതിനുള്ള പ്രധാന കാരണം.

എന്നാലിപ്പോൾ ഇന്ത്യയിലൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് മിത്സുബിഷി. ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും അരങ്ങ് വാഴുന്ന കോംപാക്ട് എസ്‍യുവി സെഗ്‌മെന്റും ടൊയോട്ട ഫോർച്ചുണറിന്റെ പ്രീമിയം എസ്‍യുവി സെഗ്മെന്റുമാണ് മിത്സുബിഷി ലക്ഷ്യം വെക്കുന്നത്. പുതിയ മോഡലുകളുടെ നിർമാണത്തിനായി  ജംഷദ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനഘടക നിർമാണ കമ്പനിയുമായി ധാരണയിലെത്താനാണ് കമ്പനിയുടെ ശ്രമം.

500 കോടി രൂപയോളമാണ് കമ്പനി ഇന്ത്യയിൽ പുതിയ നിർമാണകേന്ദ്രത്തിനായി നിക്ഷേപിക്കാനൊരുങ്ങുന്നത്. നിലവിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സുമായാണ് മിത്സുബിഷി ഇന്ത്യയിൽ സഹകരിച്ച് വന്നിരുന്നത്, എന്നാൽ നിലവിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന് ഇന്ത്യയിൽ പ്ലാന്റുകളൊന്നും ഇല്ല.

ആദ്യഘട്ടത്തിൽ പൂർണമായും നിർമിച്ച മോഡലുകൾ (സിബിയു) ഇറക്കുമതി ചെയ്യാനും പിന്നീട് പ്രാദേശികമായി ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മിത്സുബിഷി എക്ലിപ്സ്, എക്ലിപ്സ് ക്രോസ് എന്നിവ ഇന്ത്യയിൽ കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നു, ഇവ കൂടാതെ ഒരു സബ് 4 മീറ്റർ എസ്‍യുവിയും മിത്സുബിഷി അവതരിപ്പിച്ചേക്കും. പുതിയ മോഡലുകൾ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകൾക്കൊപ്പം ലഭ്യമാവും.

നിലവിൽ പജേറോ സ്പോർട്ട്, ഔട്‍ലാൻഡർ എന്നീ രണ്ട് മോഡലുകൾ മാത്രമാണ് മിത്സുബിഷിക്ക് ഇന്ത്യയിലുള്ളത്. ഇവ രണ്ടും ബി‌എസ് 6 കംപ്ലയിന്റ് അല്ലാത്തതിനാൽ ഇനിയങ്ങോട്ട് വില്പന സാധ്യമല്ല.  നിലവിൽ മിത്സുബിഷിക്ക് ഇന്ത്യയിൽ 11 പ്രവർത്തന ഔട്ലെറ്റ് മാത്രമേ ഉള്ളൂ. 2022 ന് മുമ്പ് ഉത്പാദനം ആരംഭിക്കുമ്പോൾ ഇത് മൂന്നക്കത്തിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Source: FinancialExpress.com


RELATED STORIES