കൊറിയൻ നിർമാതാക്കളായ കിയ മോട്ടോർസിന്റെ ആദ്യ മോഡലാണ് സെൽറ്റോസ്.
കിയ മോട്ടോർസ് ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവി സെൽറ്റോസ് അവതരിപ്പിച്ചു, 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കിയ SPi കൊൺസെപ്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് 'സെൽറ്റോസ്'ന്റെ രൂപകൽപന. ഈ വർഷം ഓഗസ്റ്റിൽ വിപണിയിലെത്തുന്ന മോഡലിൽ പെട്രോൾ ഡീസൽ എഞ്ചിനുകൾക്കൊപ്പം വിവിധ ഇനം ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാവും.
ആധുനിക ഡിസൈൻ ശൈലിയിലൊരുങ്ങുന്ന എസ്‌യുവിയുടെ മുൻവശത്ത് ഫുൾ എൽഈഡി ഹെഡ്‍ലാംപ്, ഡേ ടൈം റണ്ണിങ് ലാമ്പുകൾ എന്നിവക്കൊപ്പം കിയയുടെ തനത് ടൈഗർനോസ് ഗ്രില്ലും ഇടംപിടിച്ചിട്ടുണ്ട്. വശങ്ങളിൽ വലിപ്പമേറിയ വീൽ ആർച്ചുകളിൽ 17-ഇഞ്ച് അലോയ്‌വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. മസ്ക്കുലാർ ഡിസൈനിനൊപ്പം എൽഈഡി ടൈൽ-ലാമ്പുകളാണ് 'സെൽറ്റോസ്'ന്റെ പിൻവശത്തെ പ്രധാന ആകർഷണം.
കിയ 'സെൽട്ടോസ്'ന്റെ ഇന്റീരിയറിൽ 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ എന്നിവക്കൊപ്പം ഉവോ ടെലിമാറ്റിക് കണക്ട് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവോ ടെലിമാറ്റിക് സിസ്റ്റത്തിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിക്കൊപ്പം എഐ അധിഷ്‌ഠിത വോയ്‌സ് കമാൻഡ്, ട്രാക്കിങ് ഉപയോഗിച്ച് വാഹനം തടയാനുള്ള സംവിധാനം , സുരക്ഷാ അലേർട്ടുകൾ, അടിയന്തിര സഹായം എന്നീ സംവിധാനങ്ങളും ലഭ്യമാണ്.
ബിഎസ്-6 നിലവാരത്തിലുള്ള 1.5-ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പുറമേ 1.4-ലിറ്റർ ടർബോ പെട്രോൾ എൻജിനിലും ലഭിക്കും. എല്ലാ എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ലഭ്യമാകുന്നതിനൊപ്പം 1.5-ലിറ്റർ പെട്രോൾ എഞ്ചിനിൽ സിവിറ്റി ഗിയർബോക്‌സും 1.5-ലിറ്റർ ഡീസൽ എഞ്ചിനിനൊപ്പം ഒരു ടോർക് കോൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമാവും. 1.4-ലിറ്റർ ടർബോ പെട്രോൾ എൻജിനിൽ 7-സ്പീഡ് ഡ്യൂവൽ ക്ലച് ട്രാൻസ്മിഷനും ലഭ്യമാവും.
6-എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബിയൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ അല്ലെങ്കിൽ എച്ച്എസി, ബ്രേക്ക് അസിസ്റ്റ്, മുന്നിലും പിന്നിലുമുള്ള പാർക്കിംഗ് ക്യാമറ, 360 ഡിഗ്രി ക്യാമറ, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ 'സെൽറ്റോസ്'ൽ ലഭ്യമാവും.
അവതരണ സമയത്ത് ഇന്ത്യയിലെ 160 നഗരങ്ങളിലായി 265 അംഗീകൃത ടച്ച്‌പോയിന്റുകളാണ് കിയ സജ്ജീകരിക്കുന്നത്. ടാറ്റ ഹാരിയർ, ഹ്യുണ്ടായ് ക്രെറ്റ, ജീപ്പ് കോമ്പസ്, അടുത്തിടെ പുറത്തിറങ്ങിയ എംജി ഹെക്ടർ എന്നിവരാവും കിയ 'സെൽറ്റോസ്'ന്റെ പ്രധാന എതിരാളികൾ.