2021 മോഡൽ കിയ കാർണിവലിനെ വെളിപ്പെടുത്തി, 2022 ൽ ഇന്ത്യയിലെത്തും

26th Fri June 2020
302
Saifuddin Ahamed

നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാവും പുതുതലമുറ കിയ കാർണിവലിന്റെ വരവ്.

2021 മോഡൽ കിയ കാർണിവലിന്റെ ആദ്യചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടു. ഏറെ നാളായി പരീക്ഷണ ഓട്ടം നടത്തിയിരുന്ന പുതുതലമുറ മോഡലിന്റെ ടീസർ കിയ നേരത്തെ പുറത്ത് വിട്ടിരുന്നു. കിയയുടെ പുതു ഡിസൈൻ ശൈലിയാണ് പുതിയ കാർണിവലിൽ സ്വീകരിച്ചിരിക്കുന്നത്. എംപീവിയാണെങ്കിലും ഒരു എസ്യൂവിയോട് ഏറെ സാമ്യത തോന്നിപ്പിക്കും.

മുൻ വശത്ത് വലിയ ടൈഗർ നോസ് ഗ്രില്ലും സവിശേഷമായ ക്രിസ്-ക്രോസ് ഡയമണ്ട് ആകൃതിയിലുള്ള പാറ്റേണും നൽകിയിട്ടുണ്ട്. ഗ്രില്ലിനോട് ചേർന്ന് ഷാർപ്പ് എൽഈഡി ഡിആർഎൽ, എൽഈഡി ഹെഡ്‍ലാംപ് എന്നിവ കാണാം. ലോ ബീം ഗ്രില്ലിനകത്താണ് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ ബമ്പറിലെ ക്രോം ഫിനിഷ് പ്രീമിയം ഫീൽ നൽകുന്നു.

സൈഡ് പ്രൊഫൈലിൽ പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീൽ ഡിസൈനും എ,ബി, സി പില്ലറുകൾക്ക് കറുപ്പ് നിറവും നൽകിയിട്ടുണ്ട്, കൂടാതെ സി പില്ലറിൽ മാറ്റ് അലൂമിനിയം ഫിനിഷും കാണാം. നിലവിലെ മോഡലിലേതിന് സമാനമായി രണ്ടാം നിര യാത്രക്കാർക്ക് പ്രവേശിക്കാൻ സ്ലൈഡിങ് ഡോറാണ് നൽകിയിരിക്കുന്നത്. പിൻ പ്രൊഫൈലിൽ സ്ലീകായിട്ടുള്ള സിംഗിൾ പീസ് ടൈൽ ലാമ്പും കാണാം, കൂടാതെ ടെയിൽ ഗേറ്റും ബമ്പറും പുതിയതാണ്.

കിയ ഇതുവരെ ഇന്റീരിയർ ചിത്രങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാലും ആധുനിക സാങ്കേതികവിദ്യയും സ്റ്റൈലിംഗും ഉള്ള ഒരു പുതിയ രൂപകൽപ്പനയാവും പുതിയ കാർണിവലിന് ലഭിക്കുക. ആഡംബര ഫീൽ നൽകുന്ന 4 സീറ്റർ വേരിയന്റിലും പുതിയ ശ്രേണിയിൽ പ്രധീക്ഷിക്കപ്പെടുന്നു.

പുതിയ കാർണിവലിന്റെ ഫീച്ചറുകൾ കിയ വരും നാളുകളിൽ പുറത്ത് വിടും. 2.2 ലിറ്റർ ഡീസൽ എഞ്ചിനും 2.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതിയ കാർണിവലിൽ കരുത്തേകുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. 2021ൽ അന്താരാഷ്ട്ര മാർക്കറ്റുകളിൽ എത്തുന്ന മോഡൽ 2022 ആകുമ്പോൾ ഇന്ത്യയിലെത്തും.

2021 കിയ കാർണിവൽ 
* പുതുതലമുറ മോഡലിന്റെ ടീസർ കിയ നേരത്തെ പുറത്ത് വിട്ടിരുന്നു.
* കിയ ഇതുവരെ ഇന്റീരിയർ ചിത്രങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
* 2.2 ലിറ്റർ ഡീസൽ എഞ്ചിനും 2.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പ്രധീക്ഷിക്കപ്പെടുന്നു.


RELATED STORIES