സഫാരിയും ഹാരിയറും മാത്രമാണ് ടാറ്റയുടെ നിരയിൽ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ഇല്ലാത്ത രണ്ട് മോഡലുകൾ
തങ്ങളുടെ ശ്രേണിയിലെ രണ്ട് ഫ്ലാഗ്ഷിപ് എസ്യൂവികളെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്. സഫാരിയും ഹാരിയറും മാത്രമാണ് കമ്പനിയുടെ നിരയിൽ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ഇല്ലാത്ത രണ്ട് മോഡലുകൾ. നെക്സൺ, പഞ്ച്, ആൾട്രോസ് എന്നിവയ്ക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചപ്പോൾ തിഗോർ, തിയാഗോ മോഡലുകൾക്ക് 4 സ്റ്റാർ സുരക്ഷാ റേറ്റിങ്ങുമാണ് ലഭിച്ചത് .
ടാറ്റ സഫാരി അവതരിപ്പിച്ചിട്ട് 2 വർഷവും ഹാരിയർ ലോഞ്ച് ചെയ്ത് 3 വർഷവും കഴിഞ്ഞു, ഒടുവിൽ രണ്ട് എസ്‌യുവികളും ഈ വർഷാവസാനം ഗ്ലോബൽ ക്രാഷ് ടെസ്റ്റിന് വിധേയമാകുമെന്നാണ് റിപോർട്ടുകൾ. ക്രാഷ് ടെസ്റ്റുകൾക്ക് മുന്നോടിയായി ഇന്ത്യൻ കാർ നിർമ്മാതാവ് അതിന്റെ പ്രൊഡക്ഷൻ ലൈനിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും പറയപ്പെടുന്നു.
ഇരു എസ്‌യുവികളും ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ OMEGARC ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ABS, ESP, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, 6 എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ISOFIX സീറ്റുകൾ മുതലായവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
കൂടാതെ ഇരുമോഡലുകളുടെയും പെട്രോൾ എൻജിൻ പതിപ്പുകൾകൂടി അധികം വൈകാതെ വിപണിയിലെത്തുമെന്നും പ്രധീക്ഷിക്കപ്പെടുന്നു. പെട്രോൾ മോഡലുകളുടെ അരങ്ങേറ്റത്തെ കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല, എന്നിരുന്നാലും പെട്രോൾ പതിപ്പുകളുടെ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.