പുതു തലമുറ സിറ്റിയുടെ എൻജിൻ വിവരങ്ങളും ഫീച്ചറുകളും വെളിപ്പെടുത്തി ഹോണ്ട.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതുതലമുറ ഹോണ്ട സിറ്റി അടുത്ത മാസം ഇന്ത്യയിലെ ഷോറൂമുകളിൽ എത്തും. ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട തങ്ങളുടെ പുതിയ സി-സെഗ്മെന്റ് സെഡാന്റെ ഫീച്ചറുകളും ലോഞ്ച് ടൈംലൈനും ഔദ്യോഗികമായി വെളിപ്പെടുത്തി. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ സിറ്റി ലഭ്യമാവും.
ഫീച്ചറുകളുടെകളുടെ ഒരു നീണ്ട നിരയുമായാണ് അഞ്ചാം തലമുറ സിറ്റിയുടെ വരവ്. മുൻമോഡലിൽ നിന്ന് ഏറെ വ്യത്യസ്തമായ പുതിയ ഡിസൈനും ഇന്റീരിയറുമാണ് പുതിയ സിറ്റിയുടെ പ്രധാന മാറ്റം. സെഗ്‌മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സെഡാനാണെന്നാണെന്ന് ഹോണ്ട അവകാശപ്പെടുന്നു.
മുൻവശത്തെ ഫുൾ എൽഈഡി ഹെഡ്‍ലാംപിനൊപ്പം എൽഈഡി ഡിആർഎല്ലുകളും നൽകിയിട്ടുണ്ട്. പിൻവശത്തും എൽഈഡി ടൈൽ ലാംപാണ് നൽകിയിരിക്കുന്നത്. പുതിയ ഇന്റർഫേസോടുകൂടിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ, ലൈൻ വാച്ച് ക്യാമറ, അലക്സാ റിമോട് സംവിധാനത്തോടുകൂടിയ കണക്ടഡ് കാർടെക്, ഇലക്ട്രിക്ക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകൾ, ഓട്ടോ ടിമ്മിങ് ഐആർവിഎം, പവർ വിൻഡോകൾ, സൺഷേഡ്, ആമ്പിയന്റ് ലൈറ്റിംഗ് തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. ഇവകൂടാതെ ഓട്ടോമാറ്റിക് മോഡലിൽ പാഡിൽ ഷിഫ്റ്ററും ലഭ്യമാവും.
സുരക്ഷക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസ്സിസ്റ് (വിഎസ്എ), ആജയിൽ ഹാൻഡ്ലിങ് അസ്സിസ്റ് (എഎച്ച്എ), ഹിൽ സ്റ്റാർട് അസ്സിസ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പുതുതലമുറ സിറ്റിയിൽ ലഭ്യമാണ്. സ്മാർട്ട് കീ ലഭിക്കുന്ന മോഡലിൽ എൻജിൻ ഓൺ / ഓഫ്, സെൻസർ ഉപയോഗിച്ച് കൊണ്ടുള്ള കീ ലെസ്സ് എൻട്രി, ഇലെക്ട്രിക്കൽ ട്രങ്ക് ലോക്ക്, വാക്എവേ ഓട്ടോമാറ്റിക് ലോക്ക്, സുൻറൂഫിന്റെയും പവർ വിന്ഡോസിന്റെയും നിയന്ത്രണം സ്മാർട്ട് കീ മുകേന സാധിക്കും.
പുതിയ 1.5 ലിറ്റർ ഐ-വിടിഇസി പെട്രോൾ എഞ്ചിൻ 6600 ആർപിഎമ്മിൽ 121 പിഎസും 4300 ആർപിഎമ്മിൽ 145 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണൽ സിവിടി ഗിയർബോക്‌സും ലഭ്യമാണ്. മാനുവൽ ഗിയർബോക്സിൽ ലിറ്ററിന് 17.8 കിലോമീറ്ററും, സിവിടി ഓട്ടോമാറ്റിക്കിൽ 18.4 കിലോമീറ്ററുമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
1.5 ലിറ്റർ ഐ-ഡിടിസി ഡീസൽ എഞ്ചിൻ 3600 ആർപിഎമ്മിൽ 100 പിഎസും 1750 ആർപിഎമ്മിൽ 200 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത ലിറ്ററിന് 24.1 കിലോമീറ്ററാണ്.
ജൂലൈയോടെ പുതുതലമുറ സിറ്റിയുടെ വിലവിവരങ്ങൾ ഹോണ്ട പ്രഖ്യാപിക്കും. പുതുതലമുറ സിറ്റിക്കായുള്ള ബുക്കിങ്ങും കമ്പനി വരും ദിവസങ്ങളിൽ ആരംഭിക്കും. മാരുതി സുസുക്കി സിയാസ്, ഹ്യൂണ്ടായ് വെർണ, സ്കോഡ റാപിഡ്, വോക്‌സ്വാഗൺ വെന്റോ തുടങ്ങിയ മോഡലുകളോടാവും പുതുതലമുറ ഹോണ്ട സിറ്റിയുടെ മത്സരം.
2020 ഹോണ്ട സിറ്റി
* ജൂലൈ മാസത്തോടെ ഷോറൂമുകളിൽ ലഭ്യമാവും.
* പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാവും.
* ഓട്ടോമാറ്റിക് മോഡലിൽ പാഡിൽ ഷിഫ്റ്ററും ലഭ്യമാവും.