റെക്സ്റ്റൺ ജി 4 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വെളിപ്പെടുത്തി സാങ്‌യോങ്.
മഹീന്ദ്രയുടെ ഉടമസ്‌തതടയിലുള്ള കൊറിയൻ വാഹന നിർമാതാവാണ് സാങ്‌യോങ്. 2017 ലാണ് സാങ്‌യോങ് തങ്ങളുടെ റെക്‌സ്റ്റൺ ജി 4 മോഡലിനെ ആഗോള വിപണിയിൽ വില്പനക്കെത്തിച്ചത്. എന്നാലിപ്പോൾ സാങ്‌യോങ് ചെറിയ മാറ്റങ്ങളോടെ റെക്‌സ്റ്റൺ ജി 4 ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ മോഡലുകളുമായി മത്സരിക്കുന്ന റെക്‌സ്റ്റൺ ജി 4 സാങ്‌യോങ്ങിന്റെ മുൻനിര എസ്‌യുവിയാണ്.
സ്റ്റൈലിംഗിന്റെ കാര്യത്തിൽ റെക്സ്റ്റൺ ജി 4 ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത മുൻവശത്ത് ക്രോം ഫിനിഷിങ്ങുള്ള പുതിയ ഗ്രില്ല്, പുതിയ ബമ്പർ എന്നിവയാണ് പ്രധാന മാറ്റങ്ങൾ വശങ്ങളിലേക് നീങ്ങുമ്പോൾ പുതിയ സെറ്റ് അലോയ് വീലുകളാണ് ഏക മാറ്റം. പിൻവശത്ത് പുതുതായി 'സാങ്‌യോങ്' ബാഡ്ജിങ്ങിന് പുറമേ 'റെക്സ്റ്റൺ' ബാഡ്ജിങ് ബമ്പറിന് മുകളിലേക്കു മാറ്റിയിട്ടുണ്ട്.
റെക്‌സ്റ്റൺ ജി 4 ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലും ചെറിയ മാറ്റങ്ങൾ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത് നിലവിലെ മോഡലിലേതിന് സമാനമായ ഡാഷ്‌ബോർഡിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ മോഡലിൽ നിന്നും വ്യത്യസ്തമായി ഗ്രേ, വൈറ്റ് ഡ്യുവൽ-ടോൺ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല
ഇന്ത്യയിൽ റെക്സ്റ്റൺ ജി 4 'അൽട്യുറാസ് ജി 4' എന്ന പേരിലാണ് അറിയപ്പെടുന്നത്, കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ നിലവിൽ മഹീന്ദ്ര ബാഡ്ജിന് കീഴിലാണ് വില്പന നടത്തുന്നത്, ഇന്ത്യയിൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ് മോഡൽ കൂടിയാണ് അൽട്യുറാസ് ജി4. 2.2 ലിറ്റർ ടർബോ ഡീസൽ എൻജിനിൽ 4000 ആർപിഎമ്മിൽ 181 എച്ച്പി കരുത്തും 1600-2600 ആർപിഎമ്മിൽ 420 എൻഎം ടോർക്കുമാണ് അൽട്യുറാസ് ജി 4 ന്റെ കരുത്ത്. മെഴ്‌സിഡീസ് ബെൻസിൽ നിന്നും കടമെടുത്ത 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് അൽട്യുറാസ് ജി 4ൽ ഉപയോഗിച്ചിരിക്കുന്നത്.