ബുക്കിങ്ങിൽ പുതിയ ഉയരങ്ങൾ താണ്ടി ഹ്യൂണ്ടായ് വെന്യൂ.

01st Thu August 2019
601
Saifuddin Ahamed

അറുപത് ദിവസത്തിൽ 50,000 ബുക്കിംങ്ങുകൾ നേടി ഹ്യുണ്ടായ് വെന്യൂ.

ഈ വർഷം മെയ് മാസത്തിലാണ് ഹ്യൂണ്ടായ് തങ്ങളുടെ ആദ്യ സബ്-കോംപാക്ട് എസ്യൂവി വെന്യൂവിനെ വിപണിയിലെത്തിച്ചത്. വിപണിയിലെത്തിയ ഉടനെ തന്നെ മികച്ച പ്രതികരണമാണ് പുതിയ കോംപാക്ട് എസ്‌യുവി നേടിയത്. എന്നാലിപ്പോൾ വെന്യൂ എസ്യുവിയുടെ ബുക്കിംഗ് കമ്പനിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. വിപണിയിലെത്തിയ ആദ്യ രണ്ട് മാസത്തിനുള്ളിൽ 50,000 ത്തിലധികം ബുക്കിംഗുകളാണ് വെന്യൂവിനെ തേടിയെത്തിയത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2019 ജൂണിൽ ഏറ്റവും വില്പനയുള്ള രണ്ടാമത്തെ സബ്-കോംപാക്റ്റ് എസ്‌യുവിയാണ് വെന്യൂ. ഇന്ത്യൻ വിപണിയിൽ എസ്‌യുവി എന്ന് പറയുമ്പോൾ ഡീസൽ എൻജിനാണ് പരിഗണിക്കാറുള്ളത്, എന്നാൽ ഇതിന് വ്യത്യസ്തമായി  വെന്യൂവിന്റെ  ഉപഭോക്താക്കളിൽ 35% പേരും 1 -ലിറ്റർ ടർബോ ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) 
പെട്രോൾ വേരിയന്റിനാണ് മുൻഗണന നൽകിയത് എന്നതും ശ്രദ്ധേയമാണ്.

രണ്ട് പെട്രോൾ എഞ്ചിനുകളിലും ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനിലുമാണ് ഹ്യുണ്ടായ് വെന്യൂ ലഭ്യമായിട്ടുള്ളത്. 1 ലിറ്റർ, 3-സിലിണ്ടർ, ടർബോ പെട്രോൾ എൻജിൻ പരമാവധി 118 ബിഎച്ച്പി കരുത്തും , 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 82 ബിഎച്ച്പി, 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.4-ലിറ്റർ, 4 സിലിണ്ടർ ഡീസൽ 89 ബിഎച്ച്പിയും 220 എൻഎം ഉത്പാദിപ്പിക്കുന്നു. 1-ലിറ്റർ ടർബോയിൽ നിന്ന് വ്യത്യസ്തമായി മറ്റ് രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ശ്രേണിയിൽ തന്നെ മികച്ച ഫീച്ചറുകളുമായിട്ടാണ് വെന്യൂ അരങ്ങേറ്റം കുറിച്ചത്. ആർ-16 സെക്ഷൻ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രിസ്റ്റൽ ഇഫക്റ്റ് ഉള്ള എൽഇഡി ടെയിൽ ലാമ്പുകൾ, സ്പോർട്ടി റൂഫ് റെയിൽ, ഷാർക്ക് ഫിൻ ആന്റിന, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, ഡോർ ഹാൻഡിലുകൾക്ക് പുറത്തുള്ള ക്രോം ഫിനിഷ്, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവയാണ് വന്യൂവിലെ ചില ഫീച്ചറുകൾ ഇവ കൂടാതെ ഈ ശ്രേണിയിൽ തന്നെ ആദ്യമായി ഹ്യൂണ്ടായ് ബ്ലൂ ലിങ്ക് കണക്ടിവിറ്റിയോട്  കൂടിയാണ്  വെന്യൂവിന്റെ വരവ്. 


RELATED STORIES