മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ 'ഥാർ'ന്റെ 700 പതിപ്പിനെ പുറത്തിറക്കി.

18th Tue June 2019
565
Saifuddin Ahamed

ഐക്കണിക് എസ്യുവിയുടെ പുതു-തലമുറ മോഡലിനെ വിപണിയിലെത്തിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലുള്ള 'ഥാർ'ന്റെ അവസാന ബാച്ചായിരിക്കും 'ഥാർ 700'.

മഹിന്ദ്ര 'ഥാർ'ന്റെ പ്രത്യേക പതിപ്പായ 'ഥാർ 700' കമ്പനി  പുറത്തിറക്കി. പുതിയ താർ 700 ന് 9.99 ലക്ഷം രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില. ഐക്കണിക് എസ്യുവിയുടെ പുതു-തലമുറ മോഡലിനെ കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലുള്ള 'ഥാർ'ന്റെ അവസാന ബാച്ചായിരിക്കും 'ഥാർ 700'. 700 യൂണിറ്റുകൾ മാത്രമായിരിക്കും പ്രത്യേക പതിപ്പായ 'ഥാർ 700' കമ്പനി ഉത്പാദിപ്പിക്കുക. 

പുതിയ 5 സ്‌പോക്ക് അലോയ് വീലുകൾ, വശങ്ങളിലുള്ള പുതിയ ഗ്രാഫിക്സ് ഡീകാലുകൾ,  ബ്ലാക്ക് ഫിനിഷിങ്ങോട് കൂടിയ പുതിയ  ഗ്രിൽ , സിൽവർ ഫിനിഷുള്ള ഫ്രണ്ട് ബമ്പർ, ഫ്രണ്ട് സീറ്റുകളിൽ 'ഥാർ'  ലോഗോയുള്ള ലെതർ അപ്ഹോൾസ്റ്ററി, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബി‌എസ്) എന്നിവയാണ് 'ഥാർ 700'ന്റെ പുതിയ സവിശേഷതകൾ. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പാണ് 'ഥാർ 700'ന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തെ ഏതെങ്കിലും അംഗീകൃത മഹീന്ദ്ര ഡീലർഷിപ്പുകളിലും കമ്പനി വെബ്‌സൈറ്റിലും 'ഥാർ 700'ന്റെ ബുക്കിങ് ലഭ്യമാണ്.

എബിഎസ് ഉള്പെടുത്തിയതിനപ്പുറം, വാഹനത്തിൽ യാന്ത്രിക മാറ്റങ്ങളൊന്നും തന്നെ  വരുത്തിയിട്ടില്ല. 2.5-ലിറ്റർ CRDe, 4-സിലിണ്ടർ ഡീസൽ എഞ്ചിൻ 3800 ആർപിഎമ്മിൽ 105 ബിഎച്ച്പിയും 1800 ആർപിഎമ്മിൽ 247 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം  4 വീൽ-ഡ്രൈവ് സിസ്റ്റവും ലഭ്യമാണ്.


RELATED STORIES