ഒരു വർഷം കൊണ്ട് വില്പന ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ട് ഹ്യുണ്ടായ് വെന്യു

27th Sat June 2020
356
Saifuddin Ahamed

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ സബ്-കോംപാക്ട് എസ്യുവിയാണ് വെന്യു

ഹ്യുണ്ടായ് വെന്യു ഇന്ത്യയിൽ ഒരു വർഷം വിൽപ്പന പൂർത്തിയാക്കി, ഹ്യുണ്ടായിയുടെ ആദ്യത്തെ കോം‌പാക്റ്റ് എസ്‌യുവിയായ വെന്യു 1 ലക്ഷം പിന്നിട്ടതായി കമ്പനി അറിയിച്ചു. 2019 മെയ് 21ന്  വിപണിയിലെത്തിയ മോഡലിന്റെ 97,400 യൂണിറ്റുകളാണ് ഹ്യുണ്ടായ് ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ചത്. 7,400 പരം യൂണിറ്റുകൾ വിദേശ മാർക്കറ്റുകളിലും വിറ്റഴിച്ചു.

ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 24,400 ൽ അധികം യൂണിറ്റുകൾ വിറ്റഴിച്ച മോഡൽ 2020 ൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു. ടർബോ പെട്രോൾ, 1.5 ഡീസൽ വേരിയന്റുകൾക്കാണ് ആവശ്യക്കാരേറെയും. ഇന്ത്യയിലെ വിൽപ്പനയുടെ 44 ശതമാനവും ടർബോ പെട്രോൾ വേരിയന്റിലും, ഇതിൽ 15,000 യൂണിറ്റുകൾ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ നിന്നുമാണ്.

അതേ സമയം പുതുതായി അവതരിപ്പിച്ച 1.5 ലിറ്റർ ഡീസൽ എൻജിൻ വേരിയന്റിന്റെ വില്പന 30 ശതമാനമാണെന്നും ഹ്യുണ്ടായ് വെളിപ്പെടുത്തി. 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഈ വില്പന ലഭിച്ചത്. വിപണിയിലെത്തിയ സമയത്ത്, ഇപ്പോൾ നിർത്തലാക്കിയ 1.4 ലിറ്റർ ഡീസൽ എഞ്ചിനാണ് വെന്യുവിന് ലഭിച്ചത്, ഇത് പഴയ തലമുറ ക്രെറ്റ, ഫാസിലിഫ്റ്റിന് മുമ്പുള്ള വെർന, i20 എന്നീ മോഡലുകളിലും ലഭിച്ചിരുന്നു.

30,000 ത്തിലധികം ഉപഭോക്താക്കൾ ഹ്യുണ്ടായിയുടെ കണക്ടഡ് കാർ ടെക് ബ്ലൂ ലിങ്ക് അധിഷ്ഠിത വേരിയന്റുകളാണ് തിരഞ്ഞെടുത്തതെന്നും ഹ്യുണ്ടായ് അറിയിച്ചു. ടോപ് സ്പെക് എസ്എക്സ് (ഒ), എസ്എക്സ് ഡിസിടി വേരിയന്റുകളിലാണ് ബ്ലൂ ലിങ്ക് കണക്ടഡ് കാർ ടെക്ക് ലഭിക്കുന്നത്. 

നിലവിൽ മാരുതി സുസുക്കി വിറ്റാറ ബ്രെസ, ടാറ്റ നെക്സോൺ, മഹിന്ദ്ര എക്സ്യുവി3OO തുടങ്ങിയ മോഡലുകളോടാണ് ഹ്യുണ്ടായ് വെന്യു മത്സരിക്കുന്നത്. കിയ സോനെറ്റ്, ടൊയോട്ടയുടെ വിറ്റാര ബ്രെസ്സ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസർ, റെനോ കൈഗർ എന്നീ മോഡലുകൾകൂടി എത്തുന്നതോടെ ഈ ശ്രേണിയിലെ മത്സരം ഇനിയും വർധിക്കും.

ഹ്യുണ്ടായ് വെന്യു വില്പന 
* 2019 മെയ് 21നാണ് വിപണിയിലെത്തിയത്.
* 97,400 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു.
* 7,400 പരം യൂണിറ്റുകൾ വിദേശ മാർക്കറ്റുകളിലും വിറ്റഴിച്ചു.


RELATED STORIES