പുതുക്കിയ സുസുക്കി ആക്സസ് 125 സ്പെഷ്യൽ എഡിഷൻ വിപണിയിൽ.
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എംഐപിഎൽ) തങ്ങളുടെ പുതുക്കിയ ആക്‌സസ് 125 സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കി. 61,788 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില . കറുത്ത നിറത്തിലുള്ള അലോയ് വീലുകൾ, ബീജ് നിറമുള്ള ലെതറെറ്റ് സീറ്റ്, വൃത്താകൃതിയിലുള്ള ക്രോം മിററുകൾ, സ്പെഷ്യൽ പതിപ്പ് ലോഗോ എന്നിവയ്‌ക്കൊപ്പം പുതിയ മെറ്റാലിക് മാറ്റ് ബാര്ഡോ നിറത്തിലും ആക്‌സസ് 125 സ്പെഷ്യൽ എഡിഷൻ ലഭ്യമാണ്. മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ, പേൾ മിറേജ് വൈറ്റ് എന്നീ 3 നിറങ്ങളിലും സുസുക്കി ആക്സസ് 125 സ്പെഷ്യൽ എഡിഷൻ ലഭ്യമാണ്.
വ്യത്യസ്ത പ്രായത്തിലുള്ളവരെ ആകർഷിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബോഡി വർകാണ് സ്കൂട്ടറിന് നൽകിയിരിക്കുന്നത്, സുസുക്കിയുടെ ഇരുചക്ര വാഹന നിരയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് സുസുകി ആക്‌സസ് 125, കൂടാതെ 125 സിസി ശ്രേണിയിൽ തന്നെ ഏറ്റവും കൂടുതൽ വില്പനയുള്ള മോഡൽ കൂടിയാണിത്. ക്രോം ഫിനിഷ് ലുകിലുള്ള സ്റ്റൈലിഷ് എഎച്ച്‌ഒ ഹെഡ്‌ലാമ്പ്, ഡിജിറ്റൽ മീറ്റർ എന്നിവയുമായാണ് സുസുക്കി ആക്സസ് 125 സ്‌പെഷ്യൽ പതിപ്പിൽ വരുന്നത് കൂടാതെ നീളമുള്ള സീറ്റ്, വിശാലമായ ഫ്ലോർബോർഡ്, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ് എന്നിവയും സ്കൂട്ടറിൽ പഴയപടി നിലനിർത്തിയിട്ടുണ്ട്.
പുതിയ കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങൾ കൂടാതെ വാഹനത്തിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുഴുവനായും അലുമിനിയം കൊണ്ട് നിർമിച്ച 124 സിസി, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 7000 ആർപിഎമ്മിൽ 8.7 പിഎസ് കരുത്തും, 5000 ആർപിഎമ്മിൽ 10.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 64 കിലോമീറ്ററാണ് സുസുകി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്. ടിവിഎസ്സിന്റെ എന്റോർഖ് 125, ഹോണ്ട ഗ്രാസിയ 125, അപ്രിലിയ എസ്ആർ 125 സ്റ്റോർമ് എന്നിവരാവും ആക്‌സസ് 125 സ്‌പെഷ്യൽ എഡിഷന്റെ എതിരാളികൾ.